‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’; ചിത്രം തിയേറ്ററുകളിലേക്ക്

July 1, 2019

മലയാളത്തിന്റെ പ്രിയ നായിക സംവൃത സുനിൽ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നുവെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.  പ്രിയതാരം ബിജു മോനോന്റെ നായികയായാണ് സംവൃതയുടെ രണ്ടാം വരവ്. ബിജു മേനോനും സംവൃതയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യുടെ റിലീസ് തിയതി പുറത്തുവിട്ടു. ജൂലൈ 12 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.

Read also: ‘ചിലരങ്ങനെയാണ് ഓർമ്മയാകുമ്പോഴും അരികിലുണ്ടാകും’; ലോഹിതദാസിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മഞ്ജു വാര്യർ

മലയാള പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമാണ് സംവൃത സുനില്‍. എന്നാല്‍ വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേരുകയാണ് സംവൃത സുനില്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.

പിന്നീട് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി. ബിജു മേനോനും സംവൃതാ സുനിലും വെള്ളിത്തിരയില്‍ ഒന്നിക്കുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും.