ടിക് ടോക് ചലഞ്ചുമായി ഓർമ്മയിൽ ഒരു ശിശിരം ടീം…

July 28, 2019

മനസ്സിൽ പ്രണയമില്ലാത്തവരായി ആരുമില്ല.. അതുകൊണ്ടുതന്നെ പ്രണയഗാനങ്ങളും മനസിൽ തങ്ങിനിൽക്കാറുണ്ട്.. അടുത്തിടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ പ്രണയ ഗാനമാണ് ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രത്തിലെ ഗാനം. അണിയറയിൽ ഒതുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം അടുത്ത മാസം ഓഗസ്റ്റിൽ തിയേറ്ററിൽ എത്തും. ഇപ്പോഴിതാ ടിക് ടോക് ചലഞ്ചുമായി എത്തുകയാണ് ഓർമ്മയിൽ ഒരു ശിശിരം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ പേര് പോലെ തന്നെ ചില പ്രണയത്തിന്റെ രസമുള്ള ഓർമ്മകളുമായി എത്തുന്ന ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ചിത്രത്തിലെ ട്രെയ്‌ലറിന്റെ ഏതെങ്കിലുമൊരു ഭാഗം റീക്രീയേറ്റ് ചെയ്ത് അയക്കാം. ഇതിൽ നിന്നും മികച്ച വീഡിയോയ്ക്ക് ആകർഷകമായ  സമ്മാനങ്ങളും നൽകുന്നുണ്ട് ഓർമ്മയിൽ ഒരു ശിശിരം ടീം.

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ  അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്. രഞ്ജിന്‍ രാജ് സംഗീതം നിർവഹിച്ചിരിക്കുന്നു.

മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂടി കൊണ്ടെത്തിക്കാൻ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ആകാംഷയും ഗൃഹാതുരതയും ഉണർത്തുന്ന ട്രെയ്‌ലർ പോലെത്തന്നെ ചിത്രവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.