വിജയ് സേതുപതിയെ ബുദ്ധിമുട്ടിച്ച ആ മലയാളം ഡയലോഗ്
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്വന് എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിക്കുന്നതുപോലും.
മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം. ‘മാര്‍ക്കോണി മത്തായി’ എന്നാണ് ചിത്രത്തിന്റെ പേര്. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് മാര്‍ക്കോണി മത്തായി എന്ന ചിത്രം. മാര്‍ക്കോണി മത്തായി എന്ന സിനിമയെ മികച്ചതാക്കുന്നതില്‍ വിജയ് സേതുപതിക്കുള്ള പങ്കും ചെറുതല്ല. പ്രേക്ഷകന്റെ മനസില്‍ ആഴത്തില്‍ പതിയുന്നുണ്ട്, ചിത്രത്തിലെ വിജയ് സേതുപതിയുടെ ഓരോ ഡയലോഗുകളും. ഇവ സിനിമയ്ക്ക് ജീവന് പകരുന്നു.
മലയാളം മനസിലാക്കാന്‍ ബുദ്ധിമുട്ടില്ലെങ്കിലും പറയാന്‍ തനിക്ക് ഒരല്പം പ്രയാസമാണെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തില്‍ തനിക്ക് ഏറ്റവും ബുദ്ധിമുട്ടു നേരിടേണ്ടി വന്ന ഡയലോഗിനെക്കുറിച്ചും താരം പറഞ്ഞു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഈ ഡയലോഗിനെക്കുറിച്ച് പറഞ്ഞത്. ‘പ്രണയിച്ച് ജീവിക്കുന്നവര്‍ക്കും പ്രണയിച്ച് മരിച്ചവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ പോകുന്നവര്‍ക്കും പ്രണയത്തെക്കുറിച്ച് മാത്രം സംസാരിക്കാം’. ചിത്രത്തിലെ ഈ വലിയ ഡയലോഗാണ് വിജയ് സേതുപതിയ പറയാന്‍ ബുദ്ധിമുട്ടിച്ചതെന്ന് താരം പറയുന്നു.
Read more:‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്
റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന് മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിക്ക് റേഡിയോയുമായുള്ള പ്രണയമാണ് ആ കഥാപാത്രത്തിന് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണിയുടെ പേരും ഒപ്പം ചേര്‍ത്തത്. ജയറാമിനും വിജയ് സേതുപതിക്കുമൊപ്പം റേഡിയോയ്ക്കും ഈ സിനിമയില്‍ പ്രാധാന്യം ഉണ്ട്. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മത്തായി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.