തകർന്നടിഞ്ഞ് ശ്രീലങ്ക; കരുത്തുകാട്ടി ടീം ഇന്ത്യ

July 7, 2019

ശ്രീലങ്കയ്ക്ക് എതിരായ ലോകകപ്പിൽ ഇന്ത്യ കുറിച്ചത് എഴ് വിക്കറ്റിന്‍റെ വമ്പന്‍ വിജയം. 2019 ലോകകപ്പിലെ ഇന്ത്യയുടെ ഏഴാം ജയമാണിതോടെ ഇന്ത്യ സ്വന്തമാക്കിയത്. ശ്രീലങ്ക ഉയര്‍ത്തിയ 265 റണ്‍ വിജയലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കി 38 പന്തുകള്‍ ബാക്കിനില്‍ക്കേയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശർമ്മയും രാഹുലും സെഞ്ച്വറി നേടി. ഒരു ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് രോഹിത്തിന്റേത്.  94 പന്തില്‍ 103 റണ്‍സായിരുന്നു ഹിറ്റ്മാന്‍റെ സമ്പാദ്യം. ആകെ ലോകകപ്പ് സെഞ്ചുറികളിൽ സച്ചിനൊപ്പമാണ് നിലവിൽ രോഹിത് ശർമ്മയുടെ നേട്ടം. ലോകകപ്പിൽ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. 118 പന്തില്‍ 111 റണ്‍സാണ് രാഹുൽ നേടിയത്.

ഋഷഭ് പന്തിന് കളിക്കളത്തിൽ അധികം പിടിച്ചു നില്ക്കാൻ സാധിച്ചില്ല. ഒരു ഫോർ മാത്രം സ്വന്തമാക്കി താരം ഗ്യാലറിയിലേക്ക് മടങ്ങി. പിന്നീട് നായകന്‍ വിരാട് കോലിയും (34) ഹാര്‍ദിക് പാണ്ഡ്യയും  ചേര്‍ന്ന്  38 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യയെ വിജയലക്ഷ്യം കടത്തി. ശ്രീലങ്കയ്ക്കായി മലിംഗ, രജിത, ഉദാന എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് കളിക്കളത്തിൽ ഇറങ്ങിയ ശ്രീലങ്ക  നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സാണ് നേടിയത്.ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യക്കായി 10 ഓവറില്‍ 37 റണ്‍സ് വഴങ്ങിയാണ് ബുമ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.