മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിയ പണം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്കിയ അനസിന് സഹായഹസ്തവുമായി സര്‍ക്കാര്‍
ചിലരങ്ങനെയാണ്. എല്ലാവരെയും സ്വന്തമായി കരുതും. മറ്റുള്ളവരുടെ വേദനകളിലും സ്വയം ഉള്ളു നീറും. അനസും അങ്ങനെയാണ്. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ വേദനകള്‍ കണ്ടില്ലെന്നു നടിക്കാന്‍ അനസിന് ആയില്ല. അതുകൊണ്ടാണല്ലോ പൊന്നു മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേയ്ക്ക് അനസ് സംഭാവന നല്‍കിയത്.
എന്നാല്‍ സ്വയം വേദന മറന്ന് മറ്റുള്ളവരുടെ വേദനയില്‍ കൂടെനിന്ന അനസിന് കൈത്താങ്ങാകുയാണ് സര്‍ക്കാര്‍. കുഞ്ഞിന്റെ ചികിത്സ ഉറപ്പാക്കുന്നതിനുവേണ്ട എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
‘വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര് സി സിയില്‍ അഡ്മിറ്റാവുകയാണ്. സാമ്പത്തീകമായി വളരെ ബുദ്ധിമുട്ടിലാണ് ഞാനും എന്റെ കുടുംബവും. പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അത്രയും വരില്ലല്ലോ. ചികിത്സയ്ക്കായി കരുതി കൂട്ടിവെച്ചിരുന്ന പൈസയും കഴിഞ്ഞയാഴ്ച കുട്ടിയുടെ ചികിത്സയ്ക്കായി രണ്ട് പേര് സഹായിച്ചത് ഉള്‍പ്പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയയ്ക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു.’ അനസ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച ഈ കുറിപ്പ് നിരവധി പേരുടെ മിഴി നിറച്ചിരുന്നു. അനേകര്‍ക്ക് പ്രചോദനമാവുകയാണ് അനസിനെപ്പോലുള്ളവര്.
കെ കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
‘ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല. സ്വന്തം മകന്റെ ചികിത്സയ്ക്കായി മാറ്റി വച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ തീരുമാനിച്ച അനസിന് അഭിനന്ദനങ്ങള്‍. തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്നവികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുക.
എന്നാല്‍. കുഞ്ഞിന്റെ ചികിത്സ തുടരേണ്ടത് അത്യാവശ്യമാണ്. അനസുമായി ഫോണില്‍ സംസാരിച്ചിരുന്നു. റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും.കുഞ്ഞ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.’