‘മഴയൊഴിഞ്ഞു തുടങ്ങി’; വീടുകളിലേക്ക് പോകും മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

August 13, 2019

കേരളത്തിന്റെ മിക്കയിടങ്ങളിലും മഴ ഒഴിഞ്ഞു തുടങ്ങി.. ആളുകൾ വീടുകളിലേക്ക് തിരികെപോകാനും തുടങ്ങി.. വെള്ളപൊക്കത്തിന് ശേഷം വീടുകളിലേക്ക് പോകുന്നവർ ശ്രദ്ധിക്കേണ്ടത് നിരവധി കാര്യങ്ങളാണ്, അവ എന്തൊക്കെയെന്ന് നോക്കാം…

പ്രളയ ശേഷം വീടുകളിലേക്ക് കയറുമ്പോൾ അവിടെ ഇഴജന്തുക്കൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അതിനാൽ അതീവ ജാഗ്രത പുലർത്തണം. കമ്പ് കൊണ്ടോ ഇരുമ്പ് വടികൾ കൊണ്ടോ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. പാമ്പുകൾ അലമാരയിലും തുണികളുടെ ഇടയിലും കയറിയിരിക്കാൻ സാധ്യതയുണ്ട്. അണലികളാണ് കൂടുതലും വീടിനുള്ളിൽ പതിയിരിക്കുന്നത്. വീടുകൾ മുഴുവൻ പരിശോധിച്ച ശേഷം വെള്ളം ചേർത്ത് മണ്ണെണ്ണ വീടിൽ എല്ലായിടത്തും ഒഴിക്കണം. മച്ചുള്ള വീടുകളാണെങ്കിൽ മേൽക്കൂരകളിലും ഇവ തളിക്കണം.

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ചിക്കുൻ​ഗുനിയ തുടങ്ങി നിരവധി അസുഖങ്ങൾ ഈ ദിവസങ്ങളിൽ ഉണ്ടാകാൻ  സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെ എലിപ്പനിപോലുള്ള രോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ ഡോക്സിസൈക്ലിൻ ഗുളിക കഴിക്കേണ്ടതുണ്ട്. ക്ളീനിംഗിനായി ഇറങ്ങുന്നവർ കയ്യിലും കാലിലും ഗ്ലൗസ് ഉപയോഗിക്കുക. വീടുകളിലും മറ്റും ക്ളോറിൻ ഉപയോഗിച്ച് ക്ളീനിങ് നടത്തുക. അസുഖ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം സ്വീകരിക്കേണ്ടതാണ്.

കിണറ്റിലെ വെള്ളം മലിനമാണ്. അതുകൊണ്ടുതന്നെ മിനറൽ വാട്ടർ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. വൈദ്യതി കമ്പികൾ പലയിടങ്ങളിലും പൊട്ടികിടക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം.

എന്നാൽ ചിലയിടങ്ങളിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്.