സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

August 9, 2019

സംസ്ഥാനത്ത് നാശം വിതച്ച് മഴയുടെ ദുരിതപെയ്ത്ത് തുടരുകയാണ്. വരും മണിക്കൂറുകളില്‍ മഴയുടെ അളവ് കുറയുമെങ്കിലും വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളതീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നുമുതല്‍ 13- 08-2019 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കൂടാതെ ഇന്നു മുതല്‍ 11-08-2019 വരെ തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കോമോറിന്‍, ആന്‍ഡമാന്‍ കടല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ ഇന്നു മുതല്‍ 11-08-2019 വരെ പടിഞ്ഞാറ് , തെക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കേരള, കര്‍ണാടക , ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ അടുത്ത ആഴ്ചയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 12- ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 14,15,16 തീയതികളില്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. രണ്ട് ദിവസം മുമ്പ് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് നിലവിലുള്ള കനത്ത മഴയ്ക്ക് കാരണം.