“മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കും”: വിദ്യാഭ്യാസ മന്ത്രി

August 13, 2019

സംസ്ഥാനത്തെ മഴക്കെടുതിയില്‍ പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്‍കും.

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട 1 മുതല്‍ 12 ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നല്കും. ആവശ്യക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രഥമാദ്ധ്യാപകര്‍ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ആഫീസര്‍മാര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.