മഴക്കെടുതി; ഒഴുക്കിൽ അകപ്പെട്ട് കാറിൽ നിന്നും ഡ്രൈവർ സാഹസികമായി രക്ഷപെട്ടു

August 9, 2019

കേരളത്തെ ഭീതിയിലാഴ്ത്തി കനത്ത മഴ തുടരുകയാണ്. മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. തൊടുപുഴയിൽ ചപ്പാത്ത് കരകവിഞ്ഞു. കാർ മറുകരയ്ക്ക് എത്തിക്കുന്നതിനിടയിൽ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. കാറിൽ നിന്നും അതി സാഹസീകമായി ഡ്രൈവർ രക്ഷപെട്ടു. മറ്റൊരു വാഹനം ഉപയോഗിച്ച് കാർ കരയ്ക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത് പരാജയപെട്ടു. തുടർന്ന് കാറിൽ നിന്നും ഡ്രൈവർ രക്ഷപെടുകയായിരുന്നു. മഴ കുറഞ്ഞതിന് ശേഷമാണ് പിന്നീട് കാർ കരയ്ക്കടുപ്പിച്ചത്.

അതേസമയം മഴക്കെടുതി ശക്തമായതിനാൽ ജനജീവിതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. പ്രളയ സാധ്യതയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മഴ കനത്തതിനെ തുടര്‍ന്ന് എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. നേരത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 48 മണിക്കൂർ കൂടി അതിതീവ്രമഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര റിപ്പോർട്ട്.