ആരോഗ്യ സംരക്ഷണത്തിന് കഴിക്കാം ഈന്തപ്പഴം

August 30, 2019

ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയ ഈന്തപ്പഴം ഊർജത്തിന്റെ കലവറയാണ്. ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് തടി കൂടാതെ തൂക്കം വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും ഉത്തമമാണ്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും. കൊളസ്ട്രോള്‍ പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ ഇല്ലാതാക്കാനും ഈന്തപ്പഴത്തിൻറെ ഉപയോഗം സഹായിക്കും.

അതേസമയം ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍, ഏതൊക്കെ സമയത്ത് ഈന്തപ്പഴം കഴിയ്ക്കണം എന്നുള്ളത് വളരെ പ്രധാനമാണ്. ഈന്തപ്പഴം കഴിക്കുമ്പോഴും വാങ്ങിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കടകളിൽ നിന്നും വാങ്ങിക്കുന്ന ഈന്തപ്പഴത്തിന്റെ ഗുണം പ്രത്യേകം ശ്രദ്ധിക്കണം. ഗുണനിലവാരം കുറഞ്ഞ ഈന്തപ്പഴം ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്.

സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കിൽ കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കാനും മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുന്നു.  പ്രതിരോധശേഷി വർധിപ്പിക്കാൻ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് സഹായകമാകും. രാത്രി മുഴുവന്‍ ഈന്തപ്പഴം വെള്ളത്തിലിട്ട് വെച്ച ശേഷം ആ വെള്ളത്തോടൊപ്പം ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും.

Read also: എരിവുള്ള ഭക്ഷണവും മാനസികാരോഗ്യവും… 

ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ വൻ തോതിൽ കുറയ്ക്കുന്നതിനും ഉത്തമമാണ്. ഇത് രക്തത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഒരു പരിധിവരെ ഇല്ലാതാക്കുന്നതിനും സഹായിക്കും. വിളർച്ച, മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം.  ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍ അതുകൊണ്ടുതന്നെ വിളർച്ച ഉള്ളവർ ഈന്തപ്പഴം നിത്യവും കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കാൻ സഹായിക്കും.