ദുരിതബാധിതർക്ക് വസ്ത്രങ്ങൾ നൽകിയ നന്മ മനുഷ്യന് തുണിയിൽ തീർത്ത ഉപഹാരവുമായി ഡാവിഞ്ചി സുരേഷ്

August 12, 2019

മഴക്കെടുതിയിൽ അകപ്പെട്ട കേരളക്കരയ്ക്ക് നേരെ സഹായ ഹസ്തവുമായി എത്തിയ നൗഷാദ് എന്ന വഴിയോര കച്ചവടക്കാരൻ ഇതിനോടകം കേരളജനതയുടെ ഹൃദയത്തിൽ സ്ഥാനം നേടികഴിഞ്ഞു. തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും ചാക്കുകളിൽ കെട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നൽകിയ ഈ സഹോദരന് നിരവധി ആളുകളാണ് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ നൗഷാദിന്റെ നന്മ നിറഞ്ഞ പ്രവർത്തിയോടുള്ള നന്ദി സൂചകമായി തുണികൊണ്ട് അദ്ദേഹത്തിന്റെ രൂപം നിർമ്മിച്ചിരിക്കുകയാണ് കലാകാരൻ ഡാവിഞ്ചി സുരേഷ്.

ഇന്നലെയാണ് ദുരിതത്തിലകപ്പെട്ട വയനാട്, മലപ്പുറം ഭാഗത്തേക്ക്  സാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി നടൻ രാജേഷ് ശർമ്മയും സംഘവും എറണാകുളം ബ്രോഡ് വേയിൽ എത്തിയത്. കടകളിൽ സഹായമന്വേഷിച്ച്  എത്തിയ ഇവരെ തന്റെ കടയിലേക്ക് വിളിച്ചുകൊണ്ടുപോയി പെരുന്നാൾ കച്ചവടത്തിനായി എത്തിച്ച  മുഴുവൻ വസ്ത്രങ്ങളും ചാക്കുകളിൽ കെട്ടി ഇവർക്ക് നൽകുകയായിരുന്നു. ‘നമ്മൾ വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ലല്ലോ, പോകുമ്പോഴും ഒന്നും കൊണ്ടുപോകുന്നില്ല,  ഉപകാരപ്പെടുന്നവർക്ക് ഉപകാരപ്പെടട്ടെ എന്നായിരുന്നു നൗഷാദ്  പറഞ്ഞത്.