നനഞ്ഞുപോയ രേഖകൾ വെയിലത്തുവച്ച് ഉണക്കേണ്ട, പകരം ചെയ്യേണ്ടത്..
കർക്കിടക പ്രളയം കേരളത്തിന് സമ്മാനിച്ചത് വേദനകളുടെയും നഷ്‌ടങ്ങളുടെയും കണക്കുകളാണ്. നിരവധി ജീവനുകൾ കവർന്നെടുത്ത മഴക്കെടുതിയിൽ നിരവധി വിലപ്പെട്ട രേഖകളും നശിച്ചുപോയി. നനഞ്ഞുപോയ രേഖകൾ നഷ്ടപ്പെടാതിരിക്കാൻ എന്തുചെയ്യണമെന്ന് പറയുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
നനഞ്ഞ പോയ രേഖകൾ വെയിലത്ത് വച്ച് ഉണക്കാനോ, അടുപ്പിനടുത്ത് വച്ച് ഉണക്കാനോ ശ്രമിച്ചാൽ ഇത് പൊടിഞ്ഞു പോകാനും മാഞ്ഞു പോകാനും സാധ്യതയുണ്ട്. ഇത്തരം രേഖകൾ നശിച്ചു പോകാതിരിക്കാനുള്ള മാർഗവുമായി എത്തുകയാണ് സംസ്ഥാന പൈതൃക പഠനകേന്ദ്രം. ഇവിടുത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നനഞ്ഞ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കി നൽകും.
നനഞ്ഞ രേഖകൾ മറ്റൊന്നും ചെയ്യാതെ തുണിയിലോ, കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠന കേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക. ഈ മാസം 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെ അവിടെ രേഖകൾ സ്വീകരിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പ് താഴെ ചേർക്കുന്നു…
ശ്രദ്ധിക്കുക
ഒരു പാട് പേരുടെ വിലപ്പെട്ട രേഖകൾ പ്രളയത്തിൽ നനഞ്ഞ് കുതിർന്നതായി വാർത്തകളിൽ കാണുന്നു..
ഇവ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ചു വേണം. ഇവ മടക്കാനോ തുറക്കാനോ ശ്രമിച്ചാൽ കീറിപ്പോകും. വെയിലത്ത് ഉണക്കുന്നതും അടുപ്പിനടുത്ത് വെക്കുന്നതും നല്ലതല്ല. പൊടിഞ്ഞു പോകാനോ അക്ഷരങ്ങൾ മാഞ്ഞു പോകാനോ സാധ്യതയുണ്ട്.
പിന്നെ എന്തു ചെയ്യും?
വിഷമിക്കേണ്ട; സംസ്ഥാന പൈതൃക പഠനകേന്ദ്രം നിങ്ങളുടെ സഹായത്തിനുണ്ട്. ഇവിടത്തെ ഉദ്യോഗസ്ഥർ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ നിങ്ങളുടെ രേഖകൾ ഉണക്കി രാസപ്രക്രിയകൾ ചെയ്ത് ശരിയാക്കിത്തരും.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം:
നനഞ്ഞ് കുതിർന്ന രേഖകൾ യാതൊന്നും ചെയ്യാതെ അതേ അവസ്ഥയിൽ വൃത്തിയുള്ള തുണിയിലോ കടലാസിലോ പൊതിഞ്ഞ് തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രത്തിലോ കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ പഴശ്ശിരാജ മ്യൂസിയത്തിലോ എത്തിക്കുക.
എപ്പോൾ എത്തിക്കണം?
ഈ മാസം (ആഗസ്ത് 2019) 18 മുതൽ 27 വരെ രാവിലെ 10 മണി മുതൽ വൈകു. 3.30 വരെ അവിടെ രേഖകൾ സ്വീകരിക്കും.
കോൺടാക്റ്റ് നമ്പർ ഉണ്ടോ?
ഉണ്ടല്ലോ. പ്രവൃത്തി സമയങ്ങളിൽ വിളിച്ചോളൂ…
☎ 0495-2384382
0484-2776374
? 9446211120