സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത
August 27, 2019

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപെട്ടതിനെത്തുടർന്നാണ് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബർ ആദ്യ വാരത്തോടെ വീണ്ടും ശക്തമായ മഴ ഉണ്ടാകാനാണ് സാധ്യത.
അതേസമയം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും, ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവരും കനത്ത ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.