മഴക്കെടുതി; ജീഷ്മയുടെ പറഞ്ഞുറപ്പിച്ച വിവാഹം മുടങ്ങില്ല, സഹായ ഹസ്തവുമായി സുമനസുകൾ

August 14, 2019

കോഴിക്കോട്, ചാത്തമംഗലത്തെ രാജശേഖരന്റെ വീട്ടിൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു…ഇത്രയും നാൾ സ്വരൂക്കൂട്ടി വച്ചതെല്ലാം ചേർത്ത് മകൾ ജീഷ്മയുടെ വിവാഹം നടത്താൻ ഒരുങ്ങുകയായിരുന്നു രാജശേഖരനും ഭാര്യയും. പെട്ടന്നാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ചാലിയാറിൽ നിന്നും ഒഴുകിവന്ന ജലം ആറു സെന്റ് ഭൂമിയിൽ ഉണ്ടായിരുന്ന വീടും സ്വരക്കുകൂട്ടിവച്ച സർവ്വതും നശിച്ചത്.

ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടയിൽ വീട്ടിൽ നിന്ന് ഒന്നും എടുക്കാനായില്ല. കോഴിക്കോടെ ദുരിതാശ്വാസ ക്യാമ്പിലാണ് ജീഷ്മയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. വിവാഹത്തിന്റെ ആഘോഷങ്ങളോ, സന്തോഷങ്ങളോ ഇപ്പോൾ ജീഷ്മയുടെയും കുടുംബത്തിന്റെയും മുഖത്തില്ല. കടലോളം ദുഃഖം മാത്രമാണ് ആ മുഖങ്ങളിൽ.

സെപ്‌തംബർ എട്ടിനാണ് ജീഷ്മയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. വിവാഹം മുടങ്ങുമോയെന്നുള്ള വിഷമത്തിൽ കഴിയുന്ന ഈ കുടുംബത്തിന് നേരെ സഹായ ഹസ്തവുമായി നിരവധി നന്മനിറഞ്ഞ മനുഷ്യരാണ് ഇപ്പോൾ എത്തുന്നത്. നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ ജീഷ്മയുടെ വിവാഹം ഞങ്ങൾ നടത്തുമെന്ന് പറഞ്ഞ് നിരവധിപ്പേരാണ് ജീഷ്മയ്ക്കും കുടുംബത്തിനും ഒപ്പം എത്തുന്നത്.