കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യത

August 13, 2019

കേരളത്തിൽ മിക്കയിടങ്ങളിലും മഴ കുറഞ്ഞ ആശ്വാസത്തിലാണ് ആളുകൾ. എന്നാൽ തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇനി മൂന്ന് ദിവസം കൂടി കേരളത്തിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അതേസമയം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട്.

ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായിപ്രവചിച്ചിട്ടുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകൾ  നടത്താനും താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

ഓഗസ്റ്റ് 14 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട് , ഇടുക്കി, കണ്ണൂർ, എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്