പുഴകൾ കരകവിഞ്ഞൊഴുകുന്നു; ശ്രീകണ്ഠാപുരം, ഇരിട്ടി, മുക്കം നഗരങ്ങൾ ഒറ്റപെട്ടു

August 9, 2019

കാലവർഷം ദുരിതം വിതക്കുന്നു, മഴക്കെടുതിയിൽ കേരളക്കര. നിരവധി ഇടങ്ങളിൽ നഗരങ്ങൾ ഒറ്റപെട്ടു. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങൾ ഭാഗീകമായി വെള്ളത്തിനടിയിലാണ്. ഇവിടങ്ങളിലേക്കുള്ള ബസ് സർവീസുകൾ പൂർണമായും നിർത്തിവച്ചു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനെത്തുടർന്നാണ് ശ്രീകണ്ഠാപുരം വെള്ളത്തിനടിയിലായത്. 30 വർഷങ്ങൾക്ക് ശേഷമാണ് ശ്രീകണ്ഠാപുരത്ത്  ഇത്രയധികം വെള്ളം കയറുന്നത്. ശ്രീകണ്ഠപുരം- കണ്ണൂർ റോഡുകളും, ശ്രീകണ്ഠാപുരം- പയ്യാവൂർ റോഡുകളും വെള്ളത്തിലാണ്.

കോഴിക്കോട് മാവൂർ റോഡിൽ ആയിരത്തോളം വീടുകളിൽ വെള്ളം കയറി. ഇരവഴിഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകിയതിനാൽ മുക്കം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോസ്റ്റ്ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് ഈ പ്രദേശത്തെ  ആളുകളെ ഇവിടെ നിന്നും മാറ്റി താമസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ മുതല്‍ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. അതിനിടെ പൂനൂര്‍പ്പുഴയില്‍ വീടുകളില്‍ വെള്ളം കയറി. ഒപ്പം ചെത്ത്കടവ് പാലം മുങ്ങിപോയി.

പാലക്കാട് യാക്കരപ്പുഴ കര കവിഞ്ഞ് ഒഴുകുന്ന അവസ്ഥയാണ്. ഇവിടങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കുന്നുണ്ട്. പമ്പയും കരകവിഞ്ഞു.

കനത്ത മഴ തുടരുന്നതിനാല്‍ ചാലക്കുടിപുഴയില്‍ ഇനിയും ജലനിരപ്പ് ഉയരാനുളള സാഹചര്യമുണ്ടെന്നും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂർ ജില്ല കളക്ടര്‍ അറിയിച്ചു.

 

കനത്ത മഴയെത്തുടർന്ന് മിക്കയിടങ്ങളിലും റോഡ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലാണ്.