പോകാൻ വീടില്ല, ചേർത്തുപിടിക്കാൻ മാതാപിതാക്കളും; മാനുഷയെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് സുമനസുകൾ

August 14, 2019

കേരളത്തിൽ മഴ കലിയടങ്ങിത്തുടങ്ങി..പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോയിത്തുടങ്ങി. എന്നാൽ തിരികെപോകാനോ സ്വന്തമെന്ന് പറയാനോ അച്ഛനോ അമ്മയോ ഇല്ലാതെ അനാഥരായിരിക്കുകയാണ് മാനുഷ എന്ന നാലാം ക്ലാസ് കാരിയും സഹോദരങ്ങളും. ‘അമ്മ നേരത്തെ ഉപേക്ഷിച്ചുപോയി തെരുവ് സർക്കസുകാരനായ അച്ഛൻ ദുരിതാശ്വാസ ക്യാമ്പിൽ കുഴഞ്ഞുവീണു മരിച്ചു. മാവൂരുള്ള ഒരു വൃദ്ധ സദനത്തിൽ പഞ്ചായത്തുകാർ സംരക്ഷണം നൽകിയ ഈ കുഞ്ഞുമക്കൾ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലാണ്…

ഈ കുഞ്ഞുമക്കളെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ആളുകൾ രംഗത്ത് വരുന്നുണ്ട്. വിവാഹത്തിന് ശേഷം 11 വർഷങ്ങളായി മക്കളില്ലാത്ത ജതീഷ് എന്ന് പറയുന്ന ഒരു സഹോദരൻ ഈ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വാടകവീട്ടിൽ താമസിക്കുന്ന ജതീഷിന്റെ നല്ലമനസ്സറിഞ്ഞ് ജിജു ജേക്കബ്  മൂഞ്ഞേലി എന്ന വ്യക്തി ഇവർക്ക് എറണാകുളത്ത് സ്വന്തമായി ഒരു കൊച്ചുവീട് പണിത് നൽകാമെന്നും അറിയിച്ചിരുന്നു. മിനി വിവേക് എന്ന വ്യക്തിയും കുഞ്ഞിനെ ദത്തെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം 22 വർഷങ്ങളായി മണക്കാട് പുറമ്പോക്കിലാണ് മാനുഷയും കുടുംബവും താമസിച്ചിരുന്നത്. മഴവെള്ളപാച്ചിലിൽ വീട് നഷ്‌ടമായതിനെത്തുടർന്ന് ഇവരും ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തുകയായിരുന്നു. ഇവിടെ വച്ചാണ് രക്തസമ്മർദ്ദം കൂടി മാനുഷയുടെ പിതാവ് മരണമടഞ്ഞത്.

ഈ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുള്ളവർ കോഴിക്കോട് ജില്ലാ കളക്ടറെ  സമീപിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.