ജലനിരപ്പ് ഉയരുന്നു; നെയ്യാര്‍ ഡാം ഇന്ന് തുറക്കും

August 13, 2019

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. അതേസമയം നെയ്യാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാം ഇന്ന് തുറക്കും. പത്തുമണിയോടെ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതമാണ് ഉയര്‍ത്തുക.

തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ശക്മായ മഴയുണ്ടായാല്‍ ഡാമിലെ ജലനിരപ്പ് കൂടുതല്‍ ഉയരും. അണക്കെട്ട് പെട്ടെന്ന് ഉയര്‍ത്തേണ്ട സാഹചര്യവും വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് നാല് ഷട്ടറുകളും ഒരിഞ്ചു വീതം തുറക്കുന്നത്.

82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. അതേസമയം നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ സമീപപ്രദേശത്തുള്ളവര്‍ പരിഭ്രാന്തരാകേണ്ട ജാഗ്രത പാലിച്ചാല്‍ മതിയെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.