കാരുണ്യത്തിന്റെ പ്രതീകമായി പ്രദീപും; കടയിലെ വസ്ത്രങ്ങൾ വാരി നൽകിയ കച്ചവടക്കാരന് സാമൂഹ്യമാധ്യമങ്ങളുടെ കൈയടി

August 14, 2019

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താങ്ങായി നിരവധിയാളുകളാണ് സഹായഹസ്തവുമായി എത്തുന്നത്. സഹായമന്വേഷിച്ച് എത്തിയവർക്ക് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി കേരളക്കരയുടെ മുഴുവൻ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് നൗഷാദ്. ഇപ്പോഴിതാ ചേർത്തലയിൽ നിന്നും മറ്റൊരു നൗഷാദ് കൂടി മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടുകയാണ്.

ചേർത്തല ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് വോളന്റീയർമാരുടെ നേതൃത്വത്തിൽ എത്തിയ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായി വസ്ത്രങ്ങൾ ശേഖരിച്ച് നൽകുന്നതിന്റെ ഭാഗമായി ചേർത്തല ടൗണിൽ എത്തിയത്. എന്തെങ്കിലും തുണി തരണമെന്ന് ആവശ്യപെട്ടെത്തിയ കുട്ടികൾക്ക് സ്റ്റാൻഡ് അടക്കം തുണി നൽകിയാണ് പ്രദീപ് കാരുണ്യത്തിന്റെ പ്രതീകമായത്.

എൻ എസ് എസ് വോളണ്ടിയർമാരാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ആവശ്യത്തിന് വസ്ത്രങ്ങൾ നിങ്ങൾ തന്നെ എടുത്തോളൂ എന്നാണ് പ്രദീപ് കുട്ടികളോട് പറഞ്ഞത്. അവർ മതിയെന്ന് പറഞ്ഞതിന് ശേഷവും സ്റ്റാൻഡ് അടക്കം കുട്ടികൾക്ക് കൊണ്ടുപോകാവുന്നതിലും അധികം വസ്ത്രങ്ങൾ നൽകുകയായിരുന്നു. ആവശ്യമെങ്കിൽ ഇനിയും വന്നോളൂ എന്ന് പറയാനും മറന്നില്ല, ചേർത്തലയുടെ അഭിമാനമായി മാറിയ പ്രദീപ്.

കടയിലെ മുഴുവൻ വസ്ത്രങ്ങളും നൽകി സമൂഹ മാധ്യമങ്ങളിൽ വൈറലായ നൗഷാദിന്റെ വാർത്ത കണ്ടതോടെയാണ്, പ്രദീപിന്റെ വാർത്തയും എൻ എസ് എസ് വോളണ്ടിയർമാർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.