മഴയ്ക്ക് ശമനം, ജാഗ്രത കുറയരുത്: മുഖ്യമന്ത്രി

August 11, 2019

സംസ്ഥാനത്ത് മഴയ്ക്ക് കുറവ് ഉണ്ടെങ്കിലും ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് നിർദേശങ്ങൾ ജനങ്ങൾ അവഗണിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയോര മേഖലയിൽ മഴ ശക്തമായി തുടരുമെന്നാണ് റിപ്പോർട്ട്. അതീവ ശ്രദ്ധയും ജാഗ്രതയും ഇനിയും ആവശ്യമാണ്. കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഔദ്യോഗിക സംവിധാനമാണ്. അതിൽ ലഭിക്കുന്ന തുക ദുരുപയോഗം ചെയ്യില്ല. അർഹതപ്പെട്ടവർക്ക് വേണ്ടിയേ അത് ചിലവഴിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് വരുന്ന വ്യാജ വാർത്തകൾക്ക് പിന്നിൽ സാമൂഹ്യ വിരുദ്ധർ ആണെന്നും മന്ത്രി അറിയിച്ചു.

എറണാകുളം ഭാഗങ്ങളിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ പലരും വീടുകളിലേക്ക് തിരികെ പോയിട്ടുണ്ട്. നിലമ്പൂരിലും വെള്ളം താഴ്ന്നുതുടങ്ങിയിട്ടുണ്ട്.