ചാറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാൻ ഫിംഗര്‍പ്രിന്റ് ലോക്ക് അവതരിപ്പിച്ച് വാട്‌സ്ആപ്പ്

August 15, 2019

പുതിയ മാറ്റങ്ങളുമായി വാട്‌സ്ആപ്പ്. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് അപ്പുകളിൽ ഒന്നാണ് വാട്‌സ്ആപ്പ്. ചാറ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഫിംഗര്‍പ്രിന്റ് ലോക്ക് അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്. മൂന്നുമാസം മുൻപ് ഐഒഎസ് ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ ഫോണുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. ആപ് പതിപ്പ് 2.19.221 റൺ ചെയ്യുന്ന ആൻഡ്രോയ്‍ഡ് ബീറ്റ ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാക്കുക. ഉടൻ തന്നെ മറ്റ് ഫോണുകളിലേക്കും ഈ സൗകര്യം ലഭ്യമാക്കും. വാട്‌സാപ് ബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

ഫിംഗര്‍പ്രിന്റ് ലോക്ക് എനേബിൾ ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഓരോ തവണയും വാട്‌സാപ് സന്ദര്‍ശിക്കുമ്പോള്‍ ഫിംഗര്‍പ്രിന്റ് ഉപയോഗിക്കണം. എന്നാൽ നോട്ടിഫിക്കേഷനുകളിലൂടെ മെസ്സേജുകൾക്ക് മറുപടി നൽകുവാനും വാട്സാപ്പ് കോളുകൾ സ്വീകരിക്കാനും സാധിക്കും.

ജനപ്രീയ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് പുത്തന്‍ പരിഷ്‌കരണങ്ങള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതില്‍ ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറുകളും ഉപഭോക്താക്കൾക്ക് കൂടുതൽ സഹായകരമാകും.