അവിചാരിതമായി വേദിയില്‍ ഭാര്യയുടെ സര്‍പ്രൈസ്; നിറകണ്ണുകളോടെ ശിവകാര്‍ത്തികേയന്‍: വീഡിയോ

September 26, 2019

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് ശിവകാര്‍ത്തികേയന്‍ എന്ന നടന് ആരാധകര്‍ ഏറെ. വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം ശിവകാര്‍ത്തികേയന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഭാര്യയെയും മകളെയുമൊക്കെ ഒപ്പംകൂട്ടാറുണ്ട് ശിവകാര്‍ത്തികേയന്‍.

അപ്രതീക്ഷിതമായി ശിവകാര്‍ത്തികേയന് ഭാര്യ നല്‍കിയ ഒരു സര്‍പ്രൈസാണ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്. ശിവകാര്‍ത്തികേയന്റെ സ്‌നേഹത്തെക്കുറിച്ച് സര്‍പ്രൈസ് വീഡിയോ ഒരുക്കിയാണ് ഭാര്യ ആര്‍തി താരത്തെ അത്ഭുതപ്പെടുത്തിയത്.

Read more: പ്രണയം, ദാമ്പത്യം പിന്നെ വേര്‍പിരിയല്‍; ഒടുവില്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം അഗതിമന്ദിരത്തില്‍ അപ്രതീക്ഷിതമായൊരു കൂടിക്കാഴ്ച: സ്‌നേഹകഥ

ശിവകാര്‍ത്തികേയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘നമ്മ വീട്ടു പിള്ളൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ആര്‍തിയുടെ ഈ സര്‍പ്രൈസ്. ‘ഈ ഉലകത്തില്‍ എന്റെ മകള്‍ ആരാധനയെ എത്ര അധികമായി സ്‌നേഹിക്കുന്നവോ അത്രതന്നെ സ്‌നേഹം ശിവയോടും ഉണ്ട്. ഇങ്ങനെയേ എനിക്ക് പറയാന്‍ അറിയൂ. എവിടെ നിന്ന് തുടങ്ങണമെന്ന് എനിക്ക് അറിയില്ല. അത്രയധികം കാര്യങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി ശിവ ചെയ്തിട്ടുണ്ട്. എന്നെയും മകളെയും നോക്കുന്നതുപോലെതന്നെ എന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും അദ്ദേഹം സ്‌നേഹിക്കുന്നുണ്ട്. എന്റെ അച്ഛന് ലഭിച്ച ഏറ്റവും നല്ല സമ്മാനവും ശിവ ആയിരിക്കും’. ആര്‍തിയുടെ ഈ വീഡിയോ സന്ദേശം നിറകണ്ണുകളോടെയാണ് ശിവ കേട്ടത്.

ശിവകാര്‍ത്തികേയന്‍ കുടുംബത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ആര്‍തി പറഞ്ഞു. ‘ആദ്യമായി ഞാന്‍ വേദിയില്‍വച്ചു പറയുന്നു ഐ ലവ് യു’. ആര്‍തിയുടെ ഈ വാക്കുകള്‍ നിറകൈയടികളോടെയാണ് കാണികള്‍ ഏറ്റെടുത്തത്. ആഴ്ചകള്‍ക്ക് മുമ്പ് യുട്യൂബില്‍ പങ്കുവച്ച ഈ വീഡിയോ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.