ഹൃദയംതൊട്ട് ‘അമ്പിളി’, മനോഹരം ഈ ഗാനം; വീഡിയോ
മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിലെ ‘ആരാധികേ…’ എന്ന മനോഹര ഗാനത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവത്തകർ. പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെല്ലും ഈ ഗാനം. അത്രമേൽ ആർദ്രമാണ് ഈ ഗാനത്തിന്റെ വരികൾ. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. സൂരജ് സന്തോഷും മധുവന്തി നാരായണനുമാണ് ആലാപനം.
സൗബിന് സാഹിര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘അമ്പിളി. സൗബിന് മലയാളി പ്രേക്ഷകരുടെ ഇഷ്ടനടനാണ്. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം വെള്ളിത്തിരയില്‍ മികച്ചു നില്ക്കുന്നു താരം. അമ്പിളിയിലെ സൗബിന് സാഹിറിന്റെ വിത്യസ്ത ലുക്കും പ്രകടനവുമെല്ലാം പ്രേക്ഷക ഹൃദയത്തിൽ ആഴത്തിൽ ഇറങ്ങിച്ചെന്നിരുന്നു.. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയപ്പോള്‍ മുതല്‍ക്കെ ഞാന്‍ ജാക്സനല്ലടാ… ന്യൂട്ടനല്ലടാ… എന്ന വരികള്‍ പ്രേക്ഷകര്‍ ഏറ്റുപാടി തുടങ്ങിയതാണ്.
ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്ക്കുന്ന സൗബിന് സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.
ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അമ്പിളിയില് ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. പുതുമുഖമായ തന്വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.
സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് സഹനടനായി നിരവധി സിനിമകളില്‍ താരം തിളങ്ങി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന് നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും സൗബിനെ തേടിയെത്തി.
കുമ്പളങ്ങി നൈറ്റ്സ്, ചാർളി, വൈറസ്, അന്നയും റസൂലും, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചന്ദ്രേട്ടന് എവിടെയാ, പ്രേമം, റാണി പത്മിനി, ലോഹം, കലി, ഡാര്‍വിന്റെ പരിണാമം, അനുരാഗ കരിക്കിന്‍വെള്ളം, പറവ, സോളോ, കമ്മട്ടിപ്പാടം, ഹാപ്പി വെഡ്ഡിംഗ് തുടങ്ങി നിരവധി സിനിമകളില്‍ സൗബിന് വിത്യസ്ത കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചതും സൗബിന് സാഹിര്‍ ആയിരന്നു.