ഇഷ്ടതാരം മമ്മൂട്ടിയ്ക്ക് ഒരല്പം വെറൈറ്റി പിറന്നാള്‍ ആശംസയുമായി അനു സിത്താര: വീഡിയോ

September 7, 2019

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയായ അനു സിത്താര ഒരുക്കിയിരിക്കുന്ന പിറന്നാള്‍ ആശംസയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ചുരിദാറിന്റെ ഷാളില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ മമ്മൂക്ക’ എന്നെഴുതി. മ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും വീഡിയോയില്‍ കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

മമ്മൂട്ടിയുടെ ഫാനാണ് താരം എന്ന് മുമ്പും പല തവണ അനു സിത്താര പറഞ്ഞിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിനു അനു സിത്താര നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ‘ഭര്‍ത്താവ് വിഷ്ണുവും മമ്മൂട്ടിയും നായകന്മാരായെത്തുന്ന ചിത്രങ്ങള്‍ ഒരേ ദിവസം റിലീസ് ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഏത് ചിത്രമായിരിക്കും ആദ്യം കാണുക എന്നതായിരുന്നു ചോദ്യം’. ഇതിന് അനു സിത്താര നല്‍കിയ മറുപടിയാണ് രസകരം.

‘തീര്‍ച്ചയായും മമ്മൂട്ടിയുടെ സിനിമയായിരിക്കും കാണുക’ എന്നായിരുന്നു താരത്തിന്റെ മറുപടി. ഈ മറുപടിക്ക് കൃത്യമായ വിശദീകരണവും അനു സിത്താര നല്‍കുന്നുണ്ട്. ‘വിഷ്ണു നായകനായെത്തുന്ന ചിത്രത്തിന്റെ ലൊക്കോഷനില്‍ താനും പോകും, അതുകൊണ്ടുതന്നെ വിഷ്ണുവിന്റെ ആക്ടിങ്ങും സീനും ചിത്രത്തിന്റെ കഥയുമൊക്കെ തനിയ്ക്ക് പരിചിതമായിരിക്കും. പ്രിവ്യുവും കാണാന്‍ സാധിക്കും. അതേസമയം മമ്മൂട്ടിയുടെ ചിത്രം തന്നെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതായിരിക്കും. അതിനാലാണ് ആ ചിത്രം ആദ്യം കാണുക എന്നും അനു സിത്താര വിശദീകരിച്ചു.

2013 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അനു സിത്താരയുടെ ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചു. തുടര്‍ന്ന് ‘ഹാപ്പി വെഡ്ഡിംഗ്’, ‘ഫുക്രി’, ‘രാമന്റെ ഏദന്‍തോട്ടം’, ‘അച്ചായന്‍സ്’, ‘സര്‍വ്വോപരി പാലാക്കാരന്‍’ , ‘ക്യാപ്റ്റന്‍’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വിത്യസ്ത കഥാപാത്രങ്ങളായെത്തി. ‘രാമന്റെ ഏദന്‍തോട്ടം’, ‘ക്യാപ്റ്റന്‍’ എന്നീ രണ്ട് ചിത്രങ്ങളിലെയും അനു സിത്താരയുടെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തില്‍ ഫുട്‌ബോള്‍ താരം വി പി സത്യനെ അവതരിപ്പിച്ച ജയസൂര്യയുടെ ഭാര്യ കഥാപാത്രമായിട്ടായിരുന്നു അനു സിത്താര പ്രത്യക്ഷപ്പെട്ടത്.