പരാജയമല്ല, അഭിമാനമാണ്: ഐഎസ്ആര്‍ഒ; രാജ്യം നിങ്ങള്‍ക്കൊപ്പമുണ്ട്

September 7, 2019

ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും തുടര്‍ന്ന് സിഗ്നല്‍ നഷ്ടമായി. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെ സിഗ്നലുകള്‍ കൃത്യമായി ലഭിച്ചിരുന്നു. ചരിത്രം കുറിക്കാനുള്ള അവസാന നിമിഷത്തിലാണ് ലാന്‍ഡറില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടമാകുന്നത്. 1.52.54ന് വിക്രം ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. നാലു ലക്ഷം കിലോമീറ്റര്‍ അകലെ ചന്ദ്രയാന്‍ 2 ദൗത്യത്തിലെ സന്ദേശങ്ങള്‍ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഇസ്‌റോയുടെ ഇസ്ട്രാക് വിലയിരുത്തി തുടര്‍നിര്‍ദ്ദേശങ്ങള്‍ നല്‍കിവന്നത്. ഇതിനിടെയാണ് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായത്.

എന്നാല്‍ ഇത് ഒരിക്കലും ഒരു പരാജയമല്ല. രാജ്യമൊന്നാകെ വിളിച്ച് പറയുന്നുണ്ട് ‘ ഐഎസ്ആര്‍ഒ’ നിങ്ങള്‍ ഇന്ത്യയുടെ അഭിമാനമാണെന്ന്. അതേസമയം ചന്ദ്രനെ വലയം ചെയ്യുന്ന ഓര്‍ബിറ്ററിന്റെ സിഗ്നലുകളോട് ലാന്‍ഡര്‍ പ്രതികരിക്കാന്‍ ഇനിയും സാധ്യതകളേറെയാണ്.

അതേസമയം രാജ്യം ഐഎസ്ആര്‍ഒയ്ക്ക് ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ബഹിരാകാശ പദ്ധതിയില്‍ നമുക്ക് അഭിമാനമുണ്ട്. ഇതോടെ ചന്ദ്രനെ തൊടാനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം കൂടുതല്‍ ശക്തമായതായും പ്രധാനമന്ത്രി പറഞ്ഞു.

ചന്ദ്രയാന്‍ 2 ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ സംഘം പ്രകടിപ്പിച്ചത് ശ്രേഷ്ടമായ അര്‍പ്പണബോധവും ധൈര്യവുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.