“നിങ്ങളിത് കാണുക… നിങ്ങളിത് കാണുക”; ശ്രദ്ധേയമായി ‘ഗാനഗന്ധര്‍വ്വന്‍’ ടീസര്‍

September 5, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.  പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍. തികച്ചും വിത്യസ്തമായ രീതിയിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഷൈജു ദാമോദരന്റെ ‘നിങ്ങളിത് കാണുക നിങ്ങളിത് കാണുക…’ എന്ന പ്രശസ്തമായ കമന്ററിയുടെ പശ്ചാത്തലത്തിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തികച്ചും വിത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കുറ്റിത്താടിയും നീട്ടി വളര്‍ത്തിയ മുടിയുമായാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുക.

Read more:നറുക്കെടുപ്പില്‍ ഭാര്യയെ വിജയിയാക്കി; സുപ്രിയയെ ട്രോളി പൃഥ്വിരാജ്: ചിരി വീഡിയോ

മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.