‘ഹെലികോപ്റ്റര്‍ ഷോട്ടിന് അവസാനമോ…!’; ധോണിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം ഉറ്റുനോക്കി ആരാധകര്‍

September 12, 2019

കായികലോകം ഉറ്റു നോക്കുകയായാണ് ഇന്ന് വൈകിട്ടത്തെ ഏഴ് മണി സമയം. ഹെലികോപ്റ്റര്‍ ഷോട്ടുകൊണ്ട് ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംങ് ധോണിയുടെ വാര്‍ത്താ സമ്മേളനമാണ് വൈകിട്ട് ഏഴ് മണിയ്ക്ക്. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനമാകുമോ ഈ വാര്‍ത്താ സമ്മേളനം എന്ന ആശങ്കയിലാണ് ആരാധകര്‍. അതേസമയം വിരമിക്കല്‍ പ്രഖ്യാപനത്തിനു വേണ്ടിയുള്ളതാണ് ഈ വാര്‍ത്താ സമ്മേളനം എന്ന് സ്ഥിരീകരിക്കാത്ത ചില റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

വാര്‍ത്ത സമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട് എന്ന വാര്‍ത്ത പുറത്തു വന്നതുമുതല്‍ക്കെ വളരെ വൈകാരികമായാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. ധോണി വിരമിച്ചാല്‍ പിന്നീട് ക്രിക്കറ്റ് കാണുന്നതുതന്നെ നിര്‍ത്തുമെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. വിരമിക്കല്‍ തീരുമാനമുണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നതായും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ധോണിയുടെ ഒരു ക്രിക്കറ്റ് ഓര്‍മ്മയാണ് കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ഒരിക്കലും മറക്കാനാകാത്ത മത്സരം, വിശേഷപ്പെട്ട രാത്രി. ഈ മനുഷ്യന്‍ ഒരു ഫിറ്റ്‌നസ് ടെസ്റ്റിലേത് പോലെ എന്നെ ഓടിച്ചു’ എന്ന കുറിപ്പോടെയാണ് വിരാട് കോഹ്‌ലി ധോണിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

ക്രിക്കറ്റ് ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസതാരം. മഹേന്ദ്രസിങ് ധോണിയെ ഇങ്ങനെ വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. കളിക്കളത്തില്‍ എപ്പോഴും ധോണിയുടേതായ ഒരു മാജിക് മൊമന്റ് ഉണ്ടാകും. എതിരാളികളെ ചെറുത്ത് തോല്‍പിക്കാന്‍ ഉതകുന്ന അത്ഭുത മുഹൂര്‍ത്തം. ധോണിയുടെ മാജിക്കുകള്‍ എക്കാലത്തും ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിക്കാറാണ് പതിവ്.

ഒട്ടനവധി നേട്ടങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് സമ്മാനിച്ചിട്ടുണ്ട് ധോണി. ധോണിയുടെ കീഴിൽ ‍ഇന്ത്യൻ ടീം 2007 ൽ ട്വന്റി 20 ലോകകപ്പ് കിരീടം നേടി. 2008 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി ഓസ്‌ട്രേലിയയിൽ നടന്ന സി.ബി. സീരീസ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം  ഓസ്‌ട്രേലിയയെ തോല്പിച്ച് ജേതാക്കളായി. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ 28 വർഷത്തിന് ശേഷം 2011 – ൽ ലോകകപ്പ് കിരീടം നേടിയത്. 91 റൺസാണ് ഫൈനലിൽ ധോണിയുടെ നേട്ടം. ഇതോടെ ഏകദിന ലോകകപ്പും ട്വന്റി 20 ലോകകപ്പും ഏറ്റുവാങ്ങിയ ഒരേയൊരു ക്യാപ്റ്റൻ എന്ന പദവി ധോണി സ്വന്തമാക്കി. 2013 ലെ ഹൈദരാബാദ് ടെസ്റ്റിൽ ഓസീസിനെ തോൽപ്പിച്ചതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് ക്രിക്കറ്റ് വിജയങ്ങൾ കരസ്ഥമാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ബഹുമതി നേടി. സൗരവ് ഗാംഗുലിയുടെ റെക്കോർഡ് പിൻതള്ളി 22 ടെസ്റ്റിലാണ് ധോണി ക്യാപ്റ്റനായുള്ള ഇന്ത്യൻ ടീം വിജയിച്ചത്. 2017 ൽ ഇന്ത്യൻ ഗവണ്മെന്റ് ധോണിയെ പത്മഭൂഷൺ നൽകി ആദരിച്ചു.