റോഡില്‍ അത്തപ്പൂക്കളമൊരുക്കി പെണ്‍കുട്ടി; വേറിട്ടൊരു പ്രതിഷേധം: ശ്രദ്ധേയമായി ചിത്രങ്ങള്‍

September 6, 2019

കൗതുകകരമായ വാര്‍ത്തകളും വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വേഗം വൈറലാകാറുണ്ട് ഇക്കാലത്ത്. ഇപ്പോഴിതാ ഒരു പെണ്‍കുട്ടിയുടെ മനോഹരമായ ഒരു ചിത്രത്തിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. മനോഹരം എന്നു മാത്രം വിശേഷിപ്പിക്കാവുന്നതല്ല ഈ ചിത്രത്തെ. വിത്യസ്തതാണ് ഈ ചിത്രത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ ഒരു റോഡില്‍ അത്തപ്പൂക്കളമൊരുക്കുന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തില്‍ ഉള്ളത്.

ഓണക്കാലമായതുകൊണ്ടു തന്നെ പലവിധത്തിലുള്ള ഓണച്ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം തികച്ചും വേറിട്ട സ്വഭാവം പുലര്‍ത്തുന്നുണ്ട് ഈ ചിത്രം. കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ വിത്യസ്തമായ രീതിയില്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുകയാണ് ഈ ചിത്രം. തികച്ചും വേറിട്ടൊരു പ്രതിഷേധം എന്നു തന്നെ പറയാം ഈ ചിത്രത്തെക്കുറിച്ച്.

നിയ ശങ്കരത്തിലാണ് ഈ ഫോട്ടോയിലെ മോഡല്‍. ഫോട്ടോഗ്രാഫറായ അനുലാലാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.  മൂന്ന് വര്‍ഷത്തോളമായി മോഡലിങ് രംഗത്ത് ശ്രദ്ധേയമാണ് നിയ. രണ്ട് തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. അതേസമയം നിയ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയുടെ ചിത്രീകരണവും ഈ മാസം ആരംഭിയ്ക്കും. എന്തായാലും ചിത്രം ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.