മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായി ‘പ്രതി പൂവന്‍കോഴി’; ചിത്രീകരണം ആരംഭിച്ചു
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പ്രതി പൂവന്‍കോഴി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. റോഷന് ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ഹൗ ഓള്‍ഡ് ആര് യു എന്ന ചിത്രത്തിന് ശേഷം റോഷന് ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഉണ്ണി ആര് ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ക്ക് പുറമെ അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, ഗ്രേസ് ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
1995- ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.
Read more:“നമുക്ക് കിട്ടുന്ന ഓരോ മെഡലും കടം വീട്ടാനുള്ളതാ…”; ഹൃദയംതൊട്ട് ‘ഫൈനല്‍സ്’ ടീസര്‍
മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014 ല്‍ മെയ് മാസം തീയറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം ധനുഷ് നായകനായെത്തുന്ന അസുരന് എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന് ആണ് അസുരന് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.