നിഗൂഢതയുമായി ‘അഞ്ചാം പാതിര’; പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു
ചിരിയും ചിന്തയും നിറഞ്ഞ വിത്യസ്ത സിനിമകളെ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച മിഥുന് മാനുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചാം പാതിര. ത്രില്ലര്‍ ചിത്രമാണ് ഇതെന്നാണ് സൂചന. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ഇത് ശരിവയ്ക്കുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍. നിഗൂഢതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു.
Read more:എന്തൊരു ക്യൂട്ടാണ്…, കൊച്ചുമിടുക്കിയുടെ ഈ പൂമുത്തോളേ… പാട്ടിന് നിറഞ്ഞ കൈയടി: വീഡിയോ
നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് അഞ്ചാം പാതിര എന്ന ചിത്രത്തില്‍. കുഞ്ചാക്കോബോബനു പുറമെ ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്നു.
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി മലയാള സിനിമയിലേയ്ക്ക് വരവറിയിച്ചതാണ് മിഥുന് മാനുവല്‍ തോമസ്. ആട്, ആന്മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിങ്ങനെ നീളുന്നു മിഥുന് മാനുവല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.