‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍

October 30, 2019

ചലച്ചിത്ര ലോകത്ത് അഭിനയത്തിന്റെ കാര്യത്തില്‍ പകരംവയ്ക്കാനില്ലാത്ത പ്രതിഭയാണ് സൗബിന്‍ സാഹിര്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന ചിത്രം പ്രഖ്യാപനം മുതല്‍ക്കേ പ്രേക്ഷകരും ഏറ്റെടുത്തു. ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും മികച്ച പ്രതികരണത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. സിനിമയുടെ ട്രെയ്‌ലറിന് മികച്ച വരവേല്‍പാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഒക്ടോബര്‍ 29 ന് റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകംതന്നെ എട്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍.

നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സൗബിന്‍ സാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡ് ആണ് മറ്റൊരു ആകര്‍ഷണം. അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള സുരാജ് വെഞ്ഞാറമൂടിന്റെ മേയ്ക്ക് ഓവറും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നുണ്ട്.

Read more:മേക്ക്ഓവറില്‍ അതിശയിപ്പിച്ച് നടി സുരഭി ലക്ഷ്മി; ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

അതേസമയം ബോളിവുഡില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയും ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു. സൈജു ശ്രീധരനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. സൈജു കുറുപ്പ്, മാലാ പാര്‍വ്വതി, മേഘ മാത്യു തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.