മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടി ‘ബിഗിൽ’

October 29, 2019

കാല്‍പന്തുകളിയുടെ ആവേശം നിറച്ചുകൊണ്ട് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് വിജയ്-യും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗിൽ. ദീപാവലിയോടനുബന്ധിച്ച് തിയറ്ററുകളിൽ എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ചെന്നൈ ബോക്സ് ഓഫീസിൽ നിന്നും ഏറ്റവും ഉയർന്ന ഓപ്പണിങ് ഡേ കളക്ഷൻ നേടിയ ചിത്രമെന്ന പ്രത്യേകതയും ബിഗിലിനുണ്ട്. 2.0 ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് വിജയ്‌യുടെ തന്നെ സർക്കാർ ആണ്.

അറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ വിജയ് ഡബിള്‍ റോളിലാണ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ആക്ഷനും സസ്‌പെന്‍സും പ്രണയവും കാല്‍പന്തുകളിയുടെ ആവേശവുമെല്ലാം നിറച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘തെറി’, ‘മെര്‍സല്‍’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അറ്റ്‌ലി-വിജയ് ടീം ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ബിഗില്‍ എന്ന സിനിമയ്ക്കുണ്ട്. തികച്ചും വിത്യസ്തങ്ങളായ രണ്ട് ഗെറ്റപ്പുകളിലാണ് വിജയ് ചിത്രത്തിലെത്തുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ഗാനങ്ങള്‍ക്കും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്.

അതേസമയം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വിജയ് ചിത്രം ബിഗിലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തുള്ള നിരവധി പേരും രംഗത്തെത്തി. മലയാളികളുടെ പ്രിയതാരം അനു സിത്താരയും ചിത്രത്തെ പ്രശംസിച്ചു. എല്ലാ സ്ത്രീകളും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് ബിഗില്‍ എന്നാണ് അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.