സന്ധിവേദന കുറയ്ക്കാന്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

October 22, 2019

അസുഖങ്ങള്‍ക്ക് ഇക്കാലത്ത് പ്രായഭേദം എന്നൊന്നില്ല. കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും പ്രായമായവരിലുമെല്ലാം നിരവധിയായ രോഗാവസ്ഥകള്‍ കണ്ടുവരാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് വര്‍ധിച്ചുവരുന്ന പല രോഗങ്ങളുടെയും പ്രധാന കാരണങ്ങളില്‍ ഒന്ന്. മധ്യവയസ് പിന്നിട്ട പലരിലും ഇക്കാലത്ത് കണ്ടുവരാറുള്ള രോഗാവസ്ഥയാണ് സന്ധിവേദന. പലതരം കാരണങ്ങള്‍ക്കൊണ്ട് സന്ധിവേദന ഉണ്ടാകാറുണ്ട്. അസ്ഥിതേയ്മാനവും എല്ലുകളുടെ ബലക്കുറവുമൊക്കെ സന്ധിവേദനയ്ക്ക് കാരണമാകുന്നു. വിട്ടുമാറാത്ത സന്ധിവേദന അനുഭവപ്പെടുന്നവര്‍ താമസിയാതെ തന്നെ വൈദ്യസഹായം തേടുന്നതാണ് ഏറ്റവും ഉചിതം. അതുപോലതന്നെ സന്ധിവേദനയുള്ളവര്‍ ഭക്ഷണകാര്യത്തിലും അല്‍പമൊന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.

സന്ധിവേദന ഉള്ളവര്‍ കാത്സ്യം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീലമാക്കുന്നത് ഗുണം ചെയ്യും. ചെറുമത്സ്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. അതേസമയം സന്ധിവേദനയുള്ള മധ്യവയസ്‌കര്‍ മത്സ്യവും മറ്റ് കടല്‍ വിഭവങ്ങളും എണ്ണയില്‍ വറുത്ത് കഴിക്കുന്നതിനേക്കാള്‍ എരിവ് കുറച്ച് കറിവച്ച് കഴിയ്ക്കുന്നതാണ് നല്ലത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടി ദിവസേന കുടിയ്ക്കുന്നതും അസ്ഥികള്‍ക്ക് ബലം നല്‍കാന്‍ സഹായിക്കും.

Read more:കൈക്കുഞ്ഞുമായി വോട്ട് ചെയ്യാനെത്തിയ അമ്മയ്ക്ക് തുണയായി പൊലീസ് ഉദ്യോഗസ്ഥന്‍; ‘സ്‌നേഹവാത്സല്യത്തിന്റെ കാക്കി’: വൈറല്‍ വീഡിയോ

ഒലിവ് ഓയിലും അസ്ഥികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ സന്ധിവേദനയുള്ളവര്‍ കഴിയ്ക്കുന്ന ഭക്ഷണം പാകം ചെയ്യുമ്പോള് വെളിച്ചെണ്ണയ്ക്ക് പകരം ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. അതുപോലെതന്നെ സന്ധിവേദനയുള്ളവര്‍ ഭക്ഷണം കഴിയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ മറ്റൊരു കാര്യം കൂടിയുണ്ട്. ഭക്ഷണത്തില്‍ എരിവ് അധികമാകാതെ പാകത്തിന് വേണം ഉപയോഗിക്കാന്‍. അമിതമാകാതെ പാകത്തിനുള്ള എരിവ് ഉപയോഗം സന്ധിവേദന കുറയ്ക്കുന്നതിന് സഹായിക്കും.

മണ്ണിനടിയിലെ പൊന്ന് എന്നറിയപ്പെടുന്ന മഞ്ഞളും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. സന്ധിവേദനയുള്ളവര്‍ കഴിയ്ക്കുന്ന ഭക്ഷണത്തില്‍ മഞ്ഞള്‍ ഒരല്പം അധികം ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരു പരിധി വരെ സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കും. വിപണികളില്‍ സുലഭമായ ആപ്പിളും സന്ധിവേദനയെ മറികടക്കാന്‍ സഹായിക്കുന്നു. ആപ്പിളില്‍ ഫ്‌ളവനോയിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. ആപ്പിളിന് പുറമെ ഫൈബറുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഫലവര്‍ഗങ്ങളും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് സന്ധിവേദനയെ ചെറുക്കാന്‍ സഹായിക്കുന്നു.

അതേസമയം ഭക്ഷണകാര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാലും സന്ധിവേദന അനുഭവപ്പെടുന്നവര്‍ വൈദ്യ സഹായത്തോടെ വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തേണ്ടതുണ്ട്.