ജഗതി ശ്രീകുമാറിനൊപ്പം; ആദ്യ സിനിമയുടെ ഓര്‍മ്മയില്‍ ഗിന്നസ് പക്രു
വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി വെള്ളിത്തിരയില്‍ ശ്രദ്ധ നേടുന്ന താരമാണ് ഗിന്നസ് പക്രു. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. ഗിന്നസ് പക്രു വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിട്ട് 33 വര്‍ഷങ്ങള്‍ പിന്നിട്ടു. തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് താരം.
ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവന്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ അരങ്ങേറ്റം. 1986 ലാണ് ഈ ചിത്രം തിയറ്ററുകളിലെത്തിയത്. ‘അമ്പിളി അമ്മാവനില്‍ അമ്പിളി കലയ്ക്ക് ഒപ്പം’ എന്ന അടിക്കുറിപ്പോടെയാണ് ആദ്യ ചിത്രത്തിന്റെ ഓര്‍മ്മ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കലാരഞ്ജിനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അമ്പിളി അമ്മാവന്. കെ ജി വിജയകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. വേളൂര്‍ കൃഷ്ണന്‍കുട്ടിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.
Read more: പറന്നുകൊണ്ടിരിക്കുന്ന വിമാനത്തില്‍ പക്ഷി ഇടിച്ചാല്‍…! വൈറലായി പൈലറ്റ് പകര്‍ത്തിയ വീഡിയോ
അജയ് കുമാര്‍ എന്ന ഗിന്നസ് പക്രു നടനായും സംവിധായകനായും നിര്‍മ്മാതാവായുമൊക്കെ വെള്ളിത്തിരയില്‍ നിറസാന്നിധ്യമാണ്. മിമിക്രി വേദികളായിരുന്നു ഗിന്നസ് പക്രുവിന്റെ ആദ്യ തട്ടകം. പിന്നീട് സിനിമയിലെത്തി. ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ താരം പിന്നീട് നായകനായും സംവിധായകനായും ചലച്ചിത്രലോകത്തെ പ്രിയപ്പെട്ടവനായി. ‘കുട്ടീം കോലു’മാണ് ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം.
അതേസമയം ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ഗിന്നസ് പക്രു ചുവടുവച്ചത് അടുത്തിടെയാണ്. ‘സര്‍വ്വദീപ്ത പ്രൊഡക്ക്ഷന്‍സ്’ എന്നാണ് ഗിന്നസ് പക്രുവിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയുടെ പേര്. ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തിയ ഫാന്‍സി ഡ്രസ്സ് ആണ് സര്‍വ്വദീപ്ത പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ആദ്യ ചിത്രം. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.
View this post on Instagram
ആദ്യ ചിത്രം … ആദ്യo ഷൂട്ട് ചെയ്ത സീൻ അമ്പിളി അമ്മാവനിൽ (1986) അമ്പിളികല യ്ക്കൊപ്പം …..