സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

October 17, 2019

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ സേനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നലെയും കനത്ത മഴ പെയ്തിരുന്നു. വൈകുന്നേരം 4  മണി മുതൽ രാത്രി 10 മണിവരെയുള്ള സമയങ്ങളിൽ അപകടകരമായ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സമയങ്ങളിൽ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഉരുള്‍പൊട്ടല്‍ ഭീതിയുള്ള മേഖലകളില്‍ താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. അതേസമയം കേരളാതീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.