അതിതീവ്ര ന്യൂനമർദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

October 30, 2019

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. അതേസമയം തൃശൂർ, പാലക്കാട് ജില്ലകളിൽ യല്ലോ അലേർട്ടും ലക്ഷദ്വീപിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിലെ ന്യൂനമർദ്ദം അതിതീവ്രമായ സാഹചര്യത്തിൽ തീരദേശ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. തുലാവർഷവും ന്യൂനമർദ്ദ സ്വാധീനവും കനത്ത സാഹചര്യത്തിൽ നാളെയും കേരളത്തിന്റെ മിക്കയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മലയോര പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മലവെള്ള പാച്ചിലിനും സാധ്യതയുള്ളതിനാൽ രാത്രിയാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. എല്ലാ ജില്ലകളിലും ദുരന്തനിവാരണ സേന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.