ജോജുവിന് പിറന്നാള്‍ മധുരം നല്‍കി മമ്മൂട്ടി; ‘വണ്‍’ ലൊക്കേഷനില്‍ ആഘോഷം: ചിത്രങ്ങള്‍

October 23, 2019

വെള്ളിത്തിരയില്‍ അഭിനയംകൊണ്ട് വസന്തം ഒരുക്കുന്ന നടനാണ് ജോജു ജോര്‍ജ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. ചലച്ചിത്രലോകത്തെ നിരവധി പേര്‍ താരത്തിന് ആശംസകൾ നേര്‍ന്ന് രംഗത്തെത്തിയിരുന്നു. മലയാളികളുടെ പ്രിയ താരം മമ്മൂട്ടി ജോജു ജോര്‍ജിന് പിറന്നാള്‍ മധുരം നല്‍കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി നായകനായെത്തുന്ന ‘വണ്‍’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ജോജുവിന്റെ പിറന്നാള്‍ ആഘോഷമാക്കിയത്.

അതേസമയം വണ്‍ എന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം സന്തോഷ് വിശ്വനാഥന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് വണ്‍. ഇച്ചായീസ് പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തില്‍ കേരളാ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന വണ്‍, നിര്‍മ്മിച്ചിരിക്കുന്നത് ശ്രീലക്ഷ്മി ആര്‍ ആണ്. ഭൂപന്‍ താച്ചോയും ശങ്കര്‍ രാജുമാണ് സിനിമയുടെ കോപ്രൊഡ്യൂസേഴ്‌സ്.Read more:സവാരിയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ചത്തതുപോലെ കിടക്കും; മടിയന്‍ കുതിരയുടെ അഭിനയത്തിന് സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി: ചിരിവീഡിയോ

തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായീസ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് വണ്‍. ബോബി സഞ്ജയ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആര്‍ വൈദി സോമസുന്ദരം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. നിഷാദ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു.