കത്തയച്ച മൂന്നാം ക്ലാസുകാരിക്ക് കുഞ്ചാക്കോ ബോബന്റെ മറുപടി; സ്‌നേഹക്കത്ത്

October 15, 2019

വെള്ളിത്തിരയിലെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം ചലച്ചിത്ര താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലുകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ആരാധകരോട് ഏറെ ഇഷ്ടത്തോടെ പെരുമാറുന്ന നടനാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍. ഇപ്പോഴിതാ ഒരു കുഞ്ഞു ആരാധിക തനിക്ക് അയച്ച കത്തിന് മറുപടി  അയച്ചാണ് കുഞ്ചാക്കോ ബോബന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ലോക പോസ്റ്റല്‍ ദിനത്തോട് അനുബന്ധിച്ചാണ് ഈ കത്ത് വിശേഷം കുഞ്ചാക്കോ ബോബന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

‘ബഹുമാനപ്പെട്ട കുഞ്ചാക്കോ ബോബന്‍ അറിയുന്നതിന്, ഞാന്‍ അയ്യപ്പന്‍കോവില്‍ ഗവ. എല്‍ പി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു. ലോക തപാല്‍ ദിനത്തോട് അനുബന്ധിച്ച് അങ്ങേക്ക് ഒരു കത്തെഴുതുന്നതില്‍ വളരെ സന്തോഷമുണ്ട്. സിനിമാ മേഖലയില്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു. എന്ന്, കീര്‍ത്തന’. ഇതായിരുന്നു കുഞ്ചാക്കോ ബോബന് ലഭിച്ച കത്ത്.

Read more:പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടി; സോഷ്യല്‍മീഡിയയില്‍ കൈയടി നേടി ഒരു ചിരിവീഡിയോ

ഈ കത്തിന് സ്‌നേഹത്തോടെ കുഞ്ചാക്കോ ബോബന്‍ മറുപടിയും എഴുതി. ‘ പ്രിയപ്പെട്ട കീര്‍ത്തന മോള്‍ക്ക്, മോള് എനിക്ക് അയച്ച കത്ത് കിട്ടി. സ്‌നേഹത്തിനും ആശംസകള്‍ക്കും ഒരുപാട് നന്ദി. മോള്‍ടെ വീട്ടിലും സ്‌കൂളിലും ഉള്ള എല്ലാവരോടും എന്റെ സ്‌നേഹാന്വേഷണങ്ങള്‍ അറിയിക്കുക. എല്ലാ നന്മകളും വിജയങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’ കുഞ്ചാക്കോ ബോബന്‍ മറുപടിയായി എഴുതിയ ഈ സ്നേഹക്കത്തും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് കീര്‍ത്തന എന്ന മൂന്നാം ക്ലാസുകാരി കുഞ്ചാക്കോ ബോബന് അയച്ച കത്തും താരം എഴുതിയ മറുപടിക്കത്തും.