സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ‘മഹാ’ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും
കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. തീവ്രമഴ പെയ്യാന്‍ സാധ്യതയുള്ള എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട ‘മഹാ’ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കും.
ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് അടുക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഹാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 22 കി.മീ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശങ്ങളിലൂടെ മഹാ ചുഴലിക്കാറ്റ് കടന്നുപോകുന്നതിനാല്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരാനാണ് സാധ്യത.