ആര്‍ദ്രമായ ആലാപനം; ഉള്ളുതൊട്ട് എടക്കാട് ബറ്റാലിയനിലെ ഗാനം: വീഡിയോ

October 25, 2019

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. ഇപ്പോഴിതാ പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ പുതിയ ഗാനം. ‘മൂകമായ്..’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്.

ആര്‍ദ്രമായ ആലാപനംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം. നിരവധി സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായ അക്ബര്‍ ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റേതാണ് ഗാനത്തിലെ വരികള്‍. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എടക്കാട് ബറ്റാലിയന്‍ എന്ന സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ‘നീ ഹിമമഴയായ്…’ എന്നു തുടങ്ങുന്ന ഗാനവും മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്നുണ്ട്.

Read more:ഒരു ഇലയില്‍ കുഞ്ചാക്കോ ബോബന്റെ രൂപം സൃഷ്ടിച്ച് ആരാധകന്‍: നന്ദിയോടെ വീഡിയോ പങ്കുവച്ച് താരം

അതേസമയം പ്രേക്ഷകന്റെ ഹൃദയം തൊടുന്ന രംഗങ്ങള്‍ ചിത്രത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. ആക്ഷനും പ്രണയവും കുടുംബബന്ധങ്ങളുടെ ആഴവുമെല്ലാം അതിമനോഹരമായി പ്രതിഫലിക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06ല്‍.