ഇരുമുടിക്കെട്ടുമായി ബിജുമേനോന്‍; ശ്രദ്ധേയമായി ‘നാല്‍പത്തിയൊന്ന്’ മോഷന്‍ പോസ്റ്റര്‍

October 13, 2019

ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍. ബിജു മേനോന്‍ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് നാല്‍പത്തിയൊന്ന്. ലാല്‍ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നിമിഷ സജയന്‍ ചിത്രത്തില്‍ നായികയായെത്തുന്നു.

ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

Read more:ആംബുലന്‍സില്‍ ജീവനുവേണ്ടിയുള്ള പാച്ചിലാണ്; വഴിമുടക്കരുത്: അപകടവീഡിയോ

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തട്ടുംപുറത്ത് അച്യുതനാണ് ലാല്‍ ജോസിന്റേതായി അവസാനമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം . മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.