ആസ്ത്മ മുതൽ കാന്‍സര്‍ വരെ; അറിഞ്ഞിരിക്കാം പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ
സാധാരണ നാട്ടിൻപുറങ്ങളിൽ സുലഭമായി കണ്ടുവരുന്ന ഒരു പഴവർഗമാണ് പാഷൻ ഫ്രൂട്ട്. ഇവ മാർക്കറ്റുകളിലും ഇന്ന് ലഭ്യമാണ്. എന്നാൽ പലർക്കും അറിയില്ല പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങൾ. ഒന്നും രണ്ടുമല്ല നിരവധി ഗുണങ്ങളുണ്ട് പാഷൻ ഫ്രൂട്ടിന്. പ്രമേഹം, കാന്‍സര്‍, ബ്ലഡ് പ്രഷർ, ഉദര സംബന്ധമായ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിനോടൊപ്പം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും, എല്ലുകളുടെ ആരോഗ്യത്തിനും, നല്ല ഉറക്കം ലഭിക്കുന്നതിനും, ചർമ്മത്തിന്റെ ഭംഗിക്കും വരെ ഉത്തമമാണ് ഈ ഫലം.
പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ബയോഫ്ളേവനോയിഡുകൾ ആസ്തമ, വില്ലൻ ചുമ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കുന്നു. പാഷൻ ഫ്രൂട്ടിൽ ധാരാളമായി മഗ്നീഷ്യം, കാൽസ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്, ഒപ്പം ഇവയുടെ തോടിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ഉണ്ട്. ഇത് എല്ലിന്റെ ബലം വർധിപ്പിക്കാൻ സഹായകമാണ്.
ഉറക്കമില്ലായ്മയ്ക്കും ഉത്തമപരിഹാരമാണ് പാഷൻ ഫ്രൂട്ട്. പാഷൻ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന ജീവകം സി , കരോട്ടിൻ റൈബോഫ്ലേവിൻ എന്നിവ ചർമ്മത്തിന്റെ കാന്തി വർധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ്. ജീവകം സിയും കരോട്ടിനും ക്രിപ്റ്റോസാന്തിനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായകമാണ്.
ഉദരസംബന്ധമായ രോഗങ്ങളെ തടയുന്നതിനും ദഹനത്തിനും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വളരെ നല്ലതാണ്. ഇവയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ്. അതുകൊണ്ടുതന്നെ ബ്ലഡ് പ്രഷർ ഒരുപരിധിവരെ നിയന്ത്രിക്കാൻ പാഷൻ ഫ്രൂട്ട് സ്ഥിരമായി കഴിക്കുന്നത് സഹായിക്കുന്നു.
ഇവയിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയുന്നതിനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും പാഷൻ ഫ്രൂട്ട് കഴിക്കുന്നത് അനിവാര്യമാണ്. ക്യാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ വളർച്ചയെ തടയാൻ അനിവാര്യമായ ജീവകം എ ഫ്ലേവനോയിഡുകളും മറ്റ് ഫിനോളിക് സംയുക്തങ്ങളും പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു പരിധിവരെ തടയാൻ ഈ ഫലത്തിന് കഴിയും.