ആര്‍ദ്രമായ ആലാപനവുമായി ചിത്രയും ഹരിശങ്കറും; ശ്രദ്ധേയമായി മുന്തിരി മൊഞ്ചനിലെ ഗാനം: വീഡിയോ

October 10, 2019

മനോഹരമായ മെലഡി ഗാനങ്ങള്‍ക്ക് എക്കാലത്തും ആരാധകര്‍ ഏറെയാണ്. ആര്‍ദ്രമായ ആലാപനംകൊണ്ട് പ്രേക്ഷകരുടെ ഇഷ്ടഗായകരായി മാറിയ കെഎസ് ചിത്രയും കെഎസ് ഹരിശങ്കറും ചേര്‍ന്ന് പാടിയ ഒരു മനോഹരഗാനമാണ് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലേതാണ് ഈ മനോഹരഗാനം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു.

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ഒരു തവള പറഞ്ഞ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിലെ പതിയെ ഇതള്‍ വിടരും… എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിയ്ക്കുന്നതും. സംവിധായകനായ വിജിത് നമ്പ്യാര്‍ ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും. മുരളീധരന്‍ ഗുരുവായൂരിന്റേതാണ് ഗാനത്തിലെ വരികള്‍.Read more:ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ

സലീംകുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതും. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

ഗോപിക അനില്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്‍, സലീമ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. വിശ്വാസ് ഫിലിംസിന്റെ ബനറില്‍ പി കെ അശോകനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.