ഹൃദയംതൊടും ഈ വാക്കുകള്‍; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുപ്രിയ

October 16, 2019

അഭിനയം, സംവിധാനം, നിര്‍മ്മാണം… ചലച്ചിത്രരംഗത്തെ പ്രധാന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ് താരത്തിന് ഭാര്യ സുപ്രിയ നേര്‍ന്ന ആശംസകള്‍.

മനോഹരമായ വാക്കുകളാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘പിറന്നാള്‍ ആശംസകള്‍ പൃഥ്വി. എത്ര മനോഹരമായ വര്‍ഷമാണ് കഴിഞ്ഞുപോയത്. പതിവു സിനിമാ ശൈലികളില്‍ നിന്നും മാറി നയണ്‍ എന്ന സിനിമ നിര്‍മ്മിച്ചതും ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം സംവിധാനം ചെയ്തതും ആടുജീവിതം പോലൊരു ഐതിഹാസിക സിനിമയില്‍ അഭിനയിച്ചതും… ഇതെല്ലാം സംഭവിച്ചത് കഴിഞ്ഞുപോയ ഒരു വര്‍ഷത്തിനിടെയാണ്. എന്നാല്‍ എന്നെയും അല്ലിയെയും സംബന്ധിച്ചിടത്തോളം തൊട്ടു മുമ്പത്തെ വര്‍ഷത്തെക്കാള്‍ പൃഥ്വിയുടെ വളരെ കുറച്ച് സമയം മാത്രമാണ് ഞങ്ങള്‍ക്കു ലഭിച്ചത്. ഒരുമിച്ചുണ്ടായിരുന്ന ഇടവേളകളും ഒരുമിച്ചു ചെലവഴിച്ച നിമിഷങ്ങളുമാണ് ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത്. ഒരു നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ അതിലെല്ലാം ഉപരി ഒരു അച്ഛന്‍ എന്നീ നിലകളില്‍ അത്ഭുതകരമായ ഒരു വര്‍ഷത്തിലേക്കാണ് ഇനി…’ പൃഥ്വിരാജിന്റെ മനോഹരമായ ഒരു ചിത്രത്തിനൊപ്പം ഈ വാക്കുകളാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

Read more:കാറിന്‍റെ ചില്ല് തകര്‍ക്കാന്‍ കല്ല് എറിഞ്ഞ് കള്ളന്‍, എറിഞ്ഞ കല്ല് തിരിച്ചടിച്ചു: വൈറല്‍ വീഡിയോ


2002-ല്‍ രഞ്ജിത് സംവിധാനം നിര്‍വ്വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള പൃഥ്വിരാജിന്റെ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമായി. രണ്ട് തവണ മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. 2006-ല്‍ വാസ്തവം എന്ന ചിത്രത്തിലെയും 2013-ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്ന ചിത്രങ്ങളിലെയും അഭിനയത്തിനാണ് താരത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ലൂസിഫര്‍. തിയറ്ററുകളില്‍ വന്‍ വിജയമായിരുന്നു പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭത്തിന് ലഭിച്ചതും.