നിസ്സാരമല്ല നടുവേദന; കാരണങ്ങള്‍ പലതാണ്

November 20, 2019

ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. പുരുഷന്‍മാരേക്കാള്‍ സ്ത്രീകളിലാണ് പൊതുവേ നടുവേദന കൂടുതലായി കണ്ടുവരാറുള്ളത്. പലരും നടുവേദനയെ നിസ്സാരമായാണ് കാണുന്നത്. എന്നാല്‍ അത്ര നിസ്സാരക്കാരനല്ല നടുവേദന. കൃത്യമയ സമയത്ത് വേണ്ട രീതിയിലുള്ള ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദനമൂലം ബുദ്ധിമുട്ടിലാകേണ്ടിവരും.

പലതരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന ഉണ്ടാകാറുണ്ട്. തെറ്റായ ജീവിത ശൈലിയാണ് ഇക്കാലത്ത് നടുവേദനയുടെ പ്രധാന കാരണം. വ്യായമത്തിന്റെ അഭാവം മൂലവും അധികസമയം ഇരുന്ന് ജോലി ചെയ്യുന്നവരിലുമെല്ലാം നടുവേദന പെട്ടന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്. എല്ലുകളുടെ തേയ്മാനവും നടുവേദനയ്ക്ക് കാരണമാകാറുണ്ട്. നട്ടെല്ലുമായി ബന്ധപ്പെട്ടുള്ള പേശികള്‍ക്ക് ഏല്‍ക്കുന്ന ക്ഷതങ്ങള്‍, ചതവുകള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകാറുണ്ട്.

Read more:അക്കൗണ്ടുകളുടെ നിയന്ത്രണം പോലും കൈക്കലാക്കുന്ന മാല്‍വെയര്‍; വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ മുന്നറിയിപ്പ്

വിട്ടുമാറാത്ത കഠിനമായ നടുവേദന ചിലപ്പോള്‍ കാന്‍സറിന്റെയും ലക്ഷ്ണമാകാം. ഇതുമാത്രമല്ല നടുവേദനയുടെ കാരണങ്ങള്‍, അമിതവണ്ണവും മാനസിക പിരിമുറക്കവുമെല്ലാം നടുവേദന ക്ഷണിച്ചു വരുത്താറുണ്ട്. മുപ്പത് വയസുകഴിഞ്ഞ സ്ത്രീകളില്‍ പലപ്പോഴും കാത്സ്യത്തിന്‍റെ അഭാവം കണ്ടുവരാറുണ്ട്. ഇതും നടുവേദനയ്ക്ക് കാരണമാകുന്നു. കൃത്യമായ സമയത്ത് വൈദ്യ സഹായം ലഭ്യമാക്കിയില്ലെങ്കില്‍ നടുവേദന വില്ലനാകും.

നടുഭാഗത്തോ പുറത്തോ ഉള്ള വേദന, കുനിയാനും നിവരാനുമുള്ള ബുദ്ധിമുട്ട്, നടുവില്‍ പെട്ടെന്നുണ്ടാകുന്ന വേദന, കാലിന് ബലക്ഷയം തുടങ്ങിയവയാണ് നടുവേദനയുടെ പ്രധാന ലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ശരിയായ വൈദ്യസഹായം ലഭ്യമാക്കുന്നതാണ് ഏറ്റവും ഉത്തമം. വിട്ടുമാറാത്ത നടുവേദനയുള്ളവര്‍ വൈകാതെ തന്നെ വൈദ്യസഹായം തേടുന്നതാണ് ഏറ്റവും നല്ലത്.