സനൽകുമാർ ശശിധരന്റെ ‘ചോല’ ഡിസംബർ ആറിന് തിയേറ്ററുകളിലേക്ക്

November 20, 2019

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സനൽ കുമാർ ശശിധരൻ സംവിധാനം നിർവഹിച്ച ‘ചോല’. ജോജു ജോർജും നിമിഷ സജയനുമാണ് ചിത്രത്തിലെ മുഖ്യ താരങ്ങൾ. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയും ഭയവും നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. നിമിഷ സജയന്റെയും ജോജുവിന്റെയും  അഭിനയംതന്നെയാണ് ട്രെയ്‌ലറിലെ മുഖ്യ ആകര്‍ഷണം. ഇപ്പോഴിതാ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും.

വെനീസ് ചലച്ചിത്ര മേളയിലും ചോല പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് മേളയില്‍ ചിത്രത്തിന് ലഭിച്ചതും. മേളയില്‍ ഒറിസോണ്ടി മത്സരവിഭാഗത്തിലാണ് ചോല പ്രദര്‍ശിപ്പിച്ചത്. ലോകസിനിമയിലെ പുത്തന്‍ ട്രെന്‍ഡുകളെ പരിചയപ്പെടുത്തുന്ന മത്സര വിഭാഗമാണ് ഒറിസോണ്ടി. അതേസമയം ഈ വിഭാഗത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സിനിമകൂടിയാണ് ‘ചോല’.

Read more: കാലിൽ മുറിവ്: മെഡിക്കൽ ഷോപ്പിലെത്തി മരുന്ന് വാങ്ങി ഒരു കുരങ്ങൻ, വൈറൽ വീഡിയോ

‘എസ് ദുര്‍ഗ’യ്ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ചോല’. ജോജു ജോര്‍ജിനും നിമിഷ സജയനും പുറമെ പുതുമുഖ താരം അഖില്‍ വിശ്വനാഥനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായാണ് ചിത്രത്തില്‍ നിമിഷ സജയന്‍ എത്തുന്നത്. എഴുത്തുകാരനായ കെ വി മണികണ്ഠനും സനല്‍ കുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നീവ് ആര്‍ട്ട് മൂവീസിന്റെ ബാനറില്‍ അരുണ മാത്യുവും ഷാജി മാത്യുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. അജിത് ആചാര്യ ചിത്രത്തിന്റെ ഛായാഗ്രഹണവും ദിലീപ് ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. മൂന്നു വ്യക്തികളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്.