പ്രതീക്ഷയുണർത്തി ക്രിസ്മസ് റിലീസുകൾ; രണ്ടു മമ്മൂട്ടി ചിത്രങ്ങളും

November 11, 2019

ഇത്തവണ ഓണം രണ്ടാം പ്രളയത്തിൽ വലഞ്ഞപ്പോൾ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളെല്ലാം മാറ്റിയിരുന്നു. ആ കുറവ് നികത്താനാണ് ക്രിസ്മസ് റിലീസുകളുടെ വരവ്. നാലോളം ചിത്രങ്ങളാണ് പ്രതീക്ഷയുണർത്തി റിലീസിന് തയാറെടുക്കുന്നത്. ‘ഷൈലോക്ക്’ റിലീസ് തീയതിയിൽ മാറ്റം വന്നില്ലെങ്കിൽ മമ്മൂട്ടിയുടേതായി രണ്ടു ചിത്രങ്ങളാണ് ക്രിസ്മസിന് എത്തുക. നവംബർ റിലീസ് ആയി പ്രഖ്യാപിച്ചിരുന്ന മാമാങ്കം തീയതി മാറ്റിയതോടെ രണ്ട് മമ്മൂട്ടി ചിത്രങ്ങള്‍ ക്രിസ്മസിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

വേണു കുന്നപ്പിള്ളി നിർമ്മിച്ച് എം പത്മകുമാര്‍ സംവിധാനം ചെയ്ത മാമാങ്കം ഡിസംബർ 12-നാണ് റിലീസിന് എത്തുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അനു സിതാര, പ്രാചി തെഹ്‌ലൻ,  കനിഹ, സിദ്ദിഖ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

രാജാധിരാജ , മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വിൽ എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് നിർമ്മാണം. കഴിഞ്ഞ ദിവസമാണ് ഷൈലോക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്. ക്രിസ്മസ് റിലീസിൽ തിയേറ്ററുകളിലേക്ക് ആദ്യമെത്തുക ഷൈലോക്ക് ആയിരിക്കും.

ബ്രദഴ്സ് ഡേയ്ക്ക് ശേഷം പൃഥ്വിരാജിന്‍റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സച്ചിയുടെ തിരക്കഥയിൽ ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തിൽ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലെത്തുന്നു. ക്രിസ്മസ് റിലീസ് ആയാണ് ഡ്രൈവിങ് ലൈസൻസും എത്തുന്നത്. ഡിസംബർ 20 ആണ് റിലീസ് തീയതി.

see more ; കാത്തിരിപ്പ് നീളും; ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ റിലീസ് മാറ്റിവെച്ചു

നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിയ പെരുന്നാൾ. യുവതാരങ്ങളിൽ ശ്രദ്ധേയായ ഷെയ്ൻ നിഗം ആണ് ചിത്രത്തിലെ നായകൻ. ജോജു ജോർജും സൗബിൻ സാഹിറും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. മുടി നീട്ടി വളർത്തിയ ഗെറ്റപ്പിലാണ് സിനിമയിൽ ഷെയ്ൻ എത്തുന്നത്. പുതുമുഖം ഹിമിക ബോസ് നായികയാകുന്നു. ഡിസംബർ 20 നാണു വലിയ പെരുന്നാൾ റിലീസ് നിശ്ചയിച്ചിരിക്കുന്നത് .