കുറുപ്പായി ദുൽഖർ; ശ്രദ്ധനേടി പുതിയ ലുക്ക്
മലയാളത്തിന് പുറമേ ബോളിവുഡിലും തിരക്കുള്ള നാടായി മാറിയ ദുൽഖർ സൽമാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘കുറുപ്പ്. ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയാണ്. ഇപ്പോഴിതാ ചലച്ചിത്ര ലോകത്ത് ശ്രദ്ധ ആകർഷിക്കുകയാണ് ചിത്രത്തിന് വേണ്ടിയുള്ള ദുൽഖറിന്റെ പുതിയ ലുക്ക്. ഷൂട്ടിങ് ലൊക്കേഷിനിൽ നിന്നുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സംവിധായകന് ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘അരങ്ങിലെ കാഴ്ചകളേക്കാള്‍ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങള്‍…” എന്ന ടാഗ് ലൈനോടെയാണ് സിനിമയെത്തുന്നത്. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന ചിത്രം തന്റെ സ്വപ്ന പദ്ധതിയാണെന്ന് സംവിധായകൻ നേരത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയിരുന്നു. സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്.
1984 ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷുറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.
Read also: ‘ഓരോ വിജയത്തിലും പരാജയത്തിലും തോളോടുതോൾ ചേർന്ന് നിന്ന സൗഹൃദം’; പഴയ ചിത്രം പങ്കുവെച്ച് മോഹൻലാൽ
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്. ജിതിന് കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ നിർമ്മാണം ദുൽഖർ സൽമാന് ആണ്. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായെത്തുന്നു.