ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ
ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ ഭക്ഷണത്തിന്റെ ഗുണം നോക്കാതെ രുചി മാത്രം നോക്കിയാണ് പലരും ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ഭക്ഷണത്തോടൊപ്പം രോഗങ്ങളെയും നാം കൂടെക്കൂട്ടാറുണ്ട്. എന്നാൽ മിക്കപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ വിഷാംശവും ശരീരത്തിൽ എത്തിച്ചേരും. ശരീരത്തിൽ കടന്നുകൂടുന്ന വിഷാംശത്തെ ഇല്ലാതാക്കാൻ ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം.
മഞ്ഞൾ ചേർത്ത പാൽ, മോര്, കരിമ്പ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിൽ എത്തിയിരിക്കുന്ന വിഷാംശത്തെ ഒരുപരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും.
മഞ്ഞൾ ചേർത്ത പാൽ വിഷാംശത്തെ ഇല്ലാതാക്കുന്നതിനൊപ്പം ശരീരത്തിന് നിരവധി ഗുണങ്ങളും നൽകുന്നു. പല രോഗാണുബാധകളിൽ നിന്നും നമ്മുടെ ശരീരത്തെ ഇത് സംരക്ഷിക്കുന്നു. മികച്ച ഒരു രക്തശുദ്ധീകരണിയും ക്ലെൻസറും കൂടിയാണ് മഞ്ഞൾ. ഇതിന് ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനും രക്തത്തിന്റെ ചംക്രമണം വർദ്ധിപ്പിക്കാനുമുള്ള കഴിവുണ്ട്. രക്തധമനികളിലെ മാലിന്യങ്ങളെ അലിയിച്ച് രക്തയോട്ടം സുഗമവും സുരക്ഷിതവുമാക്കാൻ ഈ പാനീയം ഏറെ ഫലപ്രദമാണ്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാനും ഇത് ബെസ്റ്റാണ്. മഞ്ഞൾ പാലിനൊപ്പം ചേരുമ്പോൾ അത് ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമാണ് മഞ്ഞളും പാലും. അവ നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പിനെ അലിയിച്ച് അമിതവണ്ണത്തിൽ നിന്നും സംരക്ഷിക്കുന്നതിനും മഞ്ഞൾ ചേർത്ത പാൽ കുടിയ്ക്കുന്നത് സഹായിക്കും.
ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോരിന്റെ സ്ഥാനം. ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലതാക്കാനും മോര് സഹായിക്കുന്നു. മോര് ശീലമാക്കുന്നതുവഴി ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സാധിക്കും. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, ലിപ്പിഡുകള്‍, എന്‍സൈമുകള്‍ എന്നിവയെല്ലാം മോരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഇവ സഹായിക്കും. സംഭാരം ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്തുന്നതിനും സഹായകമാണ്. വൈറ്റമിനുകള്‍ അടങ്ങിയിരിക്കുന്ന മോര് ദാഹത്തിനും ദേഹത്തിനും ഒരുപോലെ ഗുണകരമാണ്.
ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കാൻ നല്ലൊരു പ്രതിവിധിയാണ് കരിമ്പ്. കരിമ്പിൽ സോല്യുബിൾ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിൽ ഗ്ലൈസെമിക് ഇൻഡക്സ് തീരെ കുറവാണ് അതിനാൽ കരിമ്പിൽ ജ്യൂസ് പ്രമേഹ രോഗമുള്ളവർക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.