മലയാളികളുടെ ഹൃദയം കീഴടക്കാൻ അന്ന ബെൻ ; ഹെലൻ ഇന്ന് തിയേറ്ററുകളിലേക്ക്

November 15, 2019

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് അന്ന ബെൻ. നാട്ടിൻപുറത്തിന്റെ കുറുമ്പും കുസൃതിയുമായി ബേബി മോളായി വന്ന് മികച്ച പ്രകടനമാണ് ആദ്യ ചിത്രത്തിൽ അന്ന ബെൻ കാഴ്ചവെച്ചത്. ഇപ്പോൾ അന്ന കേന്ദ്ര കഥാപാത്രമായെത്തുന്ന ഹെലൻ റിലീസിന് തയാറെടുക്കുകയാണ്.

റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ ഒരു കൗണ്ട് ഡൗൺ ടീസറും പുറത്ത് വിട്ടിരുന്നു. മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് നിർമിക്കുന്നത്. 2016 ൽ പുറത്തിറങ്ങിയ ‘ആനന്ദ’ത്തിനു ശേഷം വിനീത് നിർമിക്കുന്ന ചിത്രം കൂടിയാണ് ഹെലൻ.

നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിലൂടെ അച്ഛൻ- മകൾ ബന്ധത്തിന്റെ ആഴവും സ്നേഹവുമെല്ലാം ചിത്രം വ്യക്തമാക്കിയിരുന്നു. അന്ന ബെൻ അവതരിപ്പിക്കുന്ന ഹെലൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത് നടൻ ലാൽ ആണ്.

‘ദി ചിക്കൻ ഹബ്’ എന്ന റസ്റ്റോറന്റിൽ വെയിട്രസ് ആണ് അന്നയുടെ കഥാപാത്രം. ഹെലൻ  അപ്രതീക്ഷിതമായി കടന്നു പോകുന്ന പ്രതിസന്ധികളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ.

Read More:നാൽപത്തിയൊന്ന് തമിഴിലേക്ക്; ബിജു മേനോന് പകരം വിജയ് സേതുപതി

മാത്തുക്കുട്ടിക്കൊപ്പം  ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ് എന്നിവര്‍ കൂടി ചേര്‍ന്നാണ് ഹെലന്റെ  രചന നിര്‍വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം.